Kerala
Police beats siblings in Ernakulam
Kerala

'നിനക്ക് പൈസേടെ ഹുങ്കാണോ എന്ന് ചോദിച്ച് മുഷ്ടി ചുരുട്ടി ഇടിച്ചു': എറണാകുളത്ത് പൊലീസിനെതിരെ പരാതിയുമായി സഹോദരങ്ങൾ

Web Desk
|
4 March 2023 1:12 AM GMT

വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിയുണ്ട്

കൊച്ചി: എറണാകുളത്ത് ഹോട്ടൽ ഉടമകളായ സഹോദരങ്ങൾക്ക് പൊലീസിന്റെ ക്രൂരമർദ്ദനമെന്ന് പരാതി. തൃപ്പൂണിത്തുറ പൊലീസിനെതിരെയാണ് കോഴിക്കോട് സ്വദേശികൾ പരാതി നൽകിയത്.

മറ്റൊരു ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചെന്നും വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിക്കാരനായ മുഹമ്മദ് ജസീൽ പറഞ്ഞു. തന്നെയും സഹോദരനെയും നിലത്തിട്ട് ചവിട്ടിയെന്നും ജസീൽ കൂട്ടിച്ചേർക്കുന്നു.

തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി യുവാക്കളുടെ ഹോട്ടലിന് സമീപമുള്ള മറ്റൊരു ഹോട്ടലുടമ മുഹമ്മദ് ജസീലിനും സഹോദരൻ ഷാഹുൽ ഹമീദിനുമെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ക്രൂരമർദനമായിരുന്നുവെന്ന് സഹോദരങ്ങൾ പറയുന്നു. ഷാഹുലിനെ കുനിച്ച് നിർത്തി കഴുത്തിലടക്കം ഇടിച്ചുവെന്നാണ് പരാതി. മർദനത്തിന് ശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇരുവർക്കുമെതിരെ കേസെടുത്തെന്നും യുവാക്കൾ പറയുന്നു. ഇത് കൂടാതെ അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് തിരുത്തിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.

യുവാക്കളെ മർദിച്ചുവെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. സ്‌റ്റേഷനിൽ വെച്ച് പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് മർദിച്ചതെന്നാണ് പൊലീസിന്റെ വാദം.

Similar Posts