അരീക്കോട് ക്രഷറിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ട യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി
|ക്രഷര്‍ ഉടമയുടെ സാന്നിധ്യത്തില്‍ അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുനിയിൽ സ്വദേശി ഷബീര്‍ ഡി.ജി.പിക്ക് പരാതി നല്‍കി
മലപ്പുറം: അരീക്കോട് ക്രഷറിന്‍റെ പ്രവർത്തനത്തെ കുറിച്ച് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ട യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ക്രഷര്‍ ഉടമയുടെ സാന്നിധ്യത്തില്‍ അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുനിയിൽ സ്വദേശി ഷബീര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇൻസ്പെക്ടർ പരാതിക്കാരനെ അസഭ്യം പറയുന്നതിന്‍റെ ശബ്ദരേഖയും പുറത്തു വന്നു.
വാലില്ലാപ്പുഴയിലെ ക്രഷറിന്‍റെ പ്രവര്‍ത്തനം നിയമപരമായാണോയെന്നത് സംബന്ധിച്ച രേഖകള്‍ക്കായി വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും കുനിയില്‍ സ്വദേശിയായ ഷബീര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെ ക്രഷര്‍ ഉടമയുടെ പരാതിയുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സ്റ്റേഷനില്‍ വെച്ച് ഇന്‍സ്പെക്ടര്‍ അസഭ്യം പറയുന്നതിന്‍റെ ശബ്ദരേഖയും ഷബീര്‍ പുറത്തു വിട്ടു.
നാല്‍പത് മിനിറ്റോളം സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും ഷബീര്‍ പറഞ്ഞു. എന്നാല്‍ ക്രഷറുടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷബീറിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതെന്ന് അരീക്കോട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഷബീറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.