അരിക്കൊമ്പന്റെ ആക്രമണത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി
|എന്നാൽ അർഹരായവർക്ക് പണം നൽകുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ വാദം
ചിന്നക്കനാൽ: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പന്റെ ആക്രമണത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി. ധനസഹായം നൽകാൻ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാൽ അർഹരായവർക്ക് പണം നൽകുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ വാദം.
നിരവധി വീടുകളാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നത്. ഇതിൽ ഭൂരിഭാഗം ആളുകള്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വനം വകുപ്പിന്റെ കണക്ക് അനുസരിച്ച് രണ്ട് പതിറ്റാണ്ടിനിടെ അരിക്കൊമ്പന്റെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറ്റി എമ്പതോളം വീടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും ധന സഹായം നൽകാനാകില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. മതിയായ രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് വനം വകുപ്പും പറയുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ധനസഹായം നിഷേധിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളുകയാണ്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജി.പി.എസ് കോളർ എത്താത്തതിനാലാണ് ഭൗത്യം വൈകുന്നത്. അസം വനംവകുപ്പിന്റെ കൈവശമുള്ള ജി.പി.എസ് കോളർ ഇടുക്കിയിൽ എത്തിക്കാനാണ് ശ്രമം. എന്നാൽ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ഇതുവരെ ലഭ്യമായിട്ടില്ല.