'രണ്ട് സ്വാശ്രയ കോളജുകൾക്ക് നിയമവിരുദ്ധമായി എംബിഎ അനുവദിച്ചു'; കേരള സർവകലാശാലക്കെതിരെ ഗവർണർക്ക് പരാതി
|'ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ഇല്ലാതെയാണ് കോഴ്സുകൾ അനുവദിച്ചത്'
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിൽ നിയമ വിരുദ്ധമായി രണ്ട് സ്വാശ്രയ കോളജുകൾക്ക് എം.ബി.എ കോഴ്സ് അനുവദിച്ചതായി പരാതി. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ഇല്ലാതെയാണ് കോഴ്സുകൾ അനുവദിച്ചത്. കോഴ്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എ.ഐ.സി.ടി.ഇ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകി.
തിരുവനന്തപുരം ജില്ലയിലെ രണ്ട് സ്വാശ്രയ കോളജുകൾക്കാണ് ചട്ടവിരുദ്ധമായി എം.ബി.എ കോഴ്സ് അനുവദിച്ചത്. എം.ബി.എ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇ യുടെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ സർവകലാശാലകൾക്ക് നേരിട്ട് കോഴ്സ് നടത്താൻ അംഗീകാരം നിർബന്ധമല്ല. ഈ ഇളവ് മുതലെടുത്താണ് സർവകലാശാലയുടെ നീക്കമെന്ന് പരാതിയിൽ പറയുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസിൽ മാത്രം നടത്തുന്ന ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സ്കീമിലെ കോഴ്സാണ് കോളേജുകൾക്ക് അനുവദിച്ചത്. എന്നാൽ സർവകലാശാലയ്ക്ക് പുറത്തുള്ള കോളേജുകൾക്ക് ഈ കോഴ്സ് അനുവദിക്കാൻ വ്യവസ്ഥയില്ല.
ലാറ്റക്സ് തൊഴിലാളികൾക്കും, കർഷകർക്കും പരിശീലനം നൽകുന്നതിനായി രൂപീകരിച്ച സ്ഥാപനങ്ങൾക്കാണ് കോഴ്സുകൾ അനുവദിച്ചത്. എന്നാൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂണിവേഴ്സിറ്റി അഫിലിയേഷനും കോഴ്സുകളും അനുവദിക്കാൻ പാടുള്ളു എന്നാണ് വ്യവസ്ഥ. അഫിലിയേറ്റഡ് കോളേജ്കൾക്ക് വേണ്ടത്ര സ്ഥലവും സൗകര്യങ്ങളും സ്ഥാപനങ്ങളിൽ ഇല്ല എന്നും പരാതിയുണ്ട്.