ആരോപണ നിഴലിൽ ഡാൻസാഫ്; സുജിത് ദാസിനു കീഴിലെ പ്രവർത്തനം അന്വേഷിക്കണമെന്ന് ആവശ്യം
|മീഡിയവൺ പരമ്പര 'യൂണിഫോമിട്ട അധോലോകം' ഇന്നാരംഭിക്കും
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരോപണ നിഴലിൽ ഡാൻസാഫ്. സുജിത് ദാസ് മലപ്പുറം എസ്.പി ആയിരിക്കെ നടത്തിയ ഡാൻസാഫിന്റെ ജില്ലയിലെ പ്രവർത്തനങ്ങളെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ലഹരിമരുന്നുകടത്ത് തടയുന്നതിനായി നിയമിച്ച സംഘം നടത്തുന്നത് ക്രിമിനൽ പ്രവർത്തനമെന്നാണ് ഉയരുന്ന വിമർശനം. താനൂരിൽ കസ്റ്റഡിൽ വെച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കേസിലും ഡാൻസാഫിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. മുൻ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ടാണ് പി.വി അൻവർ വെളിപ്പെടുത്തൽ നടത്തിയത്. താമിർ ജിഫ്രിയെ മനഃപൂർവം കൊല്ലണമെന്ന് ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി കൊലയുടെ പേരിൽ ജയിലിൽ പോവുമോയെന്ന് ഭയമുണ്ടെന്നും സുജിത് ദാസ് ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ടായിരുന്നു. എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലപാതകവുമായി ബന്ധപ്പെട്ടും എംഡിഎംഎ കേസുകളില്‍ നിരപരാധികളെ കുരുക്കിയെന്നും ഉൾപ്പെടെ നിരവധി അരോപണങ്ങൾ പ്രത്യേക സ്ക്വാഡിനെതിരെയുണ്ട്. ഡാന്‍സാഫ് സംഘത്തിലെ ഒരു എഎസ്ഐ യുടെ ആത്മഹത്യയിലും ദുരൂഹതയുണ്ടായിരുന്നു.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എസ്പിക്കും സംഘത്തിനും പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഡാൻസാഫ് സംഘം സ്വർണ്ണം പിടികൂടി തട്ടിയെടുക്കുന്നതായും പി.വി.അൻവർ ആരോപിച്ചിരുന്നു. ഡാന്‍സാഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
അതേസമയം മീഡിയവൺ പരമ്പര 'യൂണിഫോമിട്ട അധോലോകം' ഇന്നാരംഭിക്കും. കേരളാ പോലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് എന്ന ഡാൻസാഫ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം.