'ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലേ?'- കൊച്ചിയിലെ സ്‌കൂൾ അവധിയെ ചൊല്ലി കലക്ടർക്കെതിരെ പരാതി പ്രവാഹം
|പുക രൂക്ഷമായ സാഹചര്യത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിനെതിരെയാണ് പരാതി
കൊച്ചി: സ്‌കൂൾ അവധിയെച്ചൊല്ലി കലക്ടർ രേണു രാജിനെതിരെ പരാതി പ്രവാഹം. പുക രൂക്ഷമായ സാഹചര്യത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിനെതിരെയാണ് പരാതി. ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലേ എന്നാണ് ചോദ്യം. ഏതുപ്രായക്കാരിലും ശ്വാസതടസ്സമുണ്ടാകാമെന്നും മുഴുവൻ കുട്ടികൾക്കും അവധി നൽകണമെന്നുമാണ് ആവശ്യം. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് അറിയിപ്പിന് താഴെയാണ് പരാതി പ്രവാഹം.
ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീപിടിത്തത്തിൻറെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടർ പുക രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഒന്നുമുതൽ ഏഴ് വരെയുള്ള സ്‌കൂളുകൾക്കും അംഗനവാടികൾക്കും കിൻറർഗാർട്ടൺ, ഡേ കെയർ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.