Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ പൂർണം; ആദ്യദിനം പ്രവർത്തിച്ചത് അവശ്യ സർവീസുകൾ മാത്രം
Kerala

സംസ്ഥാനത്ത് ലോക്ക്ഡൗൺ പൂർണം; ആദ്യദിനം പ്രവർത്തിച്ചത് അവശ്യ സർവീസുകൾ മാത്രം

Web Desk
|
8 May 2021 4:23 PM GMT

നാളെ മുതൽ യാത്ര ചെയ്യുന്നതിന് തൊഴിലാളികൾക്കടക്കം എല്ലാവർക്കും പൊലീസിന്റെ പാസ് നിർബന്ധം

സമ്പൂർണ ലോക്ക്ഡൗണിന്റെ ആദ്യദിനത്തിൽ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം. ആദ്യദിനം അവശ്യ സർവീസുകളൊഴികെ ഒന്നും പ്രവർത്തിച്ചില്ല.

നഗര-ഗ്രാമ മേഖലകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയ ചിലരെ മുന്നറിയിപ്പ് നൽകി പൊലീസ് മടക്കി. എല്ലാ വാഹനങ്ങളും കൃത്യമായ യാത്രാരേഖകൾ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. പൊലീസ് പാസ് സംവിധാനം ഇന്ന് ഇല്ലാതിരുന്നതിനാൽ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രകൾക്ക് അനുമതി നൽകിയത്.

പൊതുഗതാഗത സംവിധാനം പൂർണമായും നിശ്ചലമായിരുന്നു. കെഎസ്ആർടിസി ബസുകൾ എല്ലാം ഇന്നലെ രാത്രിയോടെ സർവീസ് അവസാനിപ്പിച്ചു. ആരോഗ്യപ്രവർത്തകർക്ക് ജോലിക്ക് എത്തുന്നതിനായുള്ള നാമമാത്രമായ സർവീസുകൾ മാത്രമാണ് നടന്നത്. റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു.

അതേസമയം, വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൃത്യമായി പ്രവർത്തിച്ചു. സമയം അനുവദിച്ചുനൽകിയതിനാൽ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സാധിച്ചു. അതിനിടെ, നിർമാണ മേഖലയ്ക്കും ഇളവുണ്ടായിരുന്നെങ്കിലും തൊഴിലാളികളെ ചിലയിടങ്ങളിൽ പൊലീസ് തടഞ്ഞതായി പരാതി ഉയർന്നു. മിക്കയിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി.

നാളെ മുതൽ യാത്ര ചെയ്യുന്നതിന് പൊലീസിന്റെ പാസ് നിർബന്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്കും പാസ് നിർബന്ധമാണ്.

Related Tags :
Similar Posts