കേരള ഒളിമ്പിക്‌സ് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നിർബന്ധിത പിരിവ്
|സംഭാവന നൽകാൻ സർക്കാർ ഉത്തരവിറക്കി
ഒന്നാമത് കേരള ഒളിമ്പിക്‌സ് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നിർബന്ധിത പിരിവ്. ഇതുസംബന്ധിച്ച് കേരള ഒളിമ്പിക്‌സ് അസോസിയേഷൻ സർക്കാറിന് കത്ത് നൽകി.ഉത്തരവിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു. എല്ലാ സ്ഥാപനങ്ങളും നൽകേണ്ട നിരക്കും നിശ്ചയിച്ചിട്ടുണ്ട്. അസോസിയേഷൻ നൽകിയ കത്ത് പ്രകാരം മത്സരങ്ങൾ നടക്കുന്ന തിരുവനന്തപുരം കോർപറേഷൻ 25 ലക്ഷം രൂപയും മറ്റ് നഗരസഭകൾ രണ്ടുലക്ഷം രണ്ടു ലക്ഷം രൂപയും നൽകാനായിരുന്നു ഉത്തരവ്.എന്നാൽ ഇത് ഭാഗികമായാണ് സർക്കാർ അംഗീകരിച്ചത്.
തിരുവനന്തപുരം കോർപറേഷൻ അഞ്ചു ലക്ഷം രൂപയും മറ്റ് കോർപറേഷനുകൾ രണ്ടു ലക്ഷം രൂപയും ജില്ല പഞ്ചായത്തുകൾ അരലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകൾ, ജില്ല പഞ്ചായത്തുകൾ എന്നിവർ 10,000 രൂപയും നൽകണമെന്നാണ് തദ്ദേശസ്വയംഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഒളിമ്പിക്‌സ് നടത്താനായി രണ്ടു കോടി രൂപയിലധികം ചെലവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് മിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും. ഈ ഘട്ടത്തിലെ നിർബന്ധിത പിരിവ് പ്രതിസന്ധി രൂക്ഷമാക്കും.