കെ-റെയിൽ യാഥാർത്ഥ്യമാവുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണ്ണമായും ഇല്ലാതാകുമെന്ന് ആശങ്ക
|ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാൽ അംഗീകരിക്കില്ലെന്നാണ് പൊതുവികാരം
കെറെയിൽ യാഥാർത്ഥ്യമാവുമ്പോൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്ന് ആശങ്ക. ജില്ലയിൽ 54 കിലോമീറ്റർ പാതക്കായി മൂന്ന് താലൂക്കുകളിലായി 108 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ജില്ലയിലെ ഏക കെ- റയിൽ സ്റ്റേഷന് വേണ്ടി തിരൂർ താനാളൂർ വില്ലേജിൽ വലിയപാടത്താണ് ഭൂമി ഏറ്റെടുക്കുന്നത്. തിരൂരങ്ങാടി, പൊന്നാനി, തിരൂർ താലൂക്കുകളിലെ പതിനഞ്ച് വില്ലേജുകളിലായി 54 കിലോമീറ്റർ ദൂരത്തിലാണ് മലപ്പുറം ജില്ലയിലെ കെ-റെയിൽ പാത.
ഡിപിആർ പ്രകാരം ജില്ലാ അതിർത്തിയായ കടലുണ്ടി മുതൽ തിരുന്നാവായ വരെ നിലവിലെ റയിൽവേ ട്രാക്കിന് സമാന്തരമായാണ് പാതയുടെ അലൈൻമെന്റ്. തിരുന്നാവായ മുതൽ, തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചങ്ങരംകുളം വരെ ഇതിൽ മാറ്റം വരും. നിലവിലെ അലൈൻമെന്റ് പ്രകാരം പാത വന്നാൽ, പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. റെയിൽവേയുടെ കൈവശമുള്ള ഭൂമി കഴിഞ്ഞ്, കെ-റെയിലിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നഗര ഹൃദയത്തിലായിരിക്കും ഭൂമി കണ്ടെത്തേണ്ടി വരിക.
250 ലധികം വീടുകളും, നഗരത്തിലെ വ്യാപാര വാണിജ്യ സമുച്ചയങ്ങളും ഇതോടെ ഇല്ലാതാകും. പുനരധിവാസത്തിന് പകരം ഭൂമി സമീപത്ത് ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാൽ അംഗീകരിക്കില്ലെന്നാണ് പൊതുവികാരം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലെ ഏക കെ-റെയിൽ സ്റ്റേഷൻ സ്ഥാപിക്കുക. ഇതിനായി കണ്ടെത്തിയത് വയലും കരഭൂമിയും ഉൾപ്പെടുന്ന താനാളൂർ വില്ലേജിലെ വലിയപാടം പ്രദേശമാണ്. ഇതുൾപ്പെടെ പാത കടന്നുപോകുന്നയിടങ്ങളിൽ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.