കമ്പിക്ക് പകരം തടി ഉപയോഗിച്ച് തൂണുകളുടെ കോൺക്രീറ്റ്; റോഡ് നിർമ്മാണത്തിൽ പരാതിയുമായി നാട്ടുകാർ
|കരാറുകളിൽ കമ്പി ആവശ്യമില്ലാത്തെ കോൺക്രീറ്റ് തൂണുകളാണ് നിർദേശിച്ചതെന്ന് വിശദീകരണം
പത്തനംതിട്ട: റാന്നിയിൽ റോഡ് നിർമ്മാണത്തിനുപയോഗിച്ച തൂണുകളിൽ കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയതായി പരാതി. വലിയപറമ്പ് - ഈട്ടിച്ചുവട് ബണ്ട് പാലം റോഡ് നിർമ്മാണത്തിലാണ് ക്രമക്കേട് നടന്നതായി നാട്ടുകാർ ആരോപിക്കുന്നത്. പരാതികൾ ഉയർന്നതോടെ വിഷയത്തിൽ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയപറമ്പ് - ഈട്ടിച്ചുവട് റോഡ് നിർമ്മാണത്തിനായി എത്തിച്ച തൂണുകളാണ് തടി ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്തത്. തൂണുകളിൽ നിന്നും തടി കഷ്ണം തള്ളി നിൽക്കുന്നത് കണ്ട് നാട്ടുകാർ പരിശോധന നടത്തിയതോടെയാണ് നിർമ്മാണത്തിലെ അപാകത വ്യക്തമായത്. പരാതികളുമായി നാട്ടുകാർ മുന്നോട്ട് വന്നെങ്കിലും വ്യക്തമായ മറുപടി നൽകാതെ കരാറുകാരനും ഉദ്യോഗസ്ഥരും തലയൂരി. ഇതോടെയാണ് യൂത്ത് കോണ്ഗ്രസ് പ്രതിഷേധവുമായെത്തിയത്.
പത്തനംതിട്ട കലക്ട്രേറ്റിലേക്ക് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനടക്കമുള്ളവരുടെ നേതൃത്വത്തിലെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കലക്ട്രേറ്റിന് മുന്നിലെ പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന റോഡ് നിർമ്മാണത്തിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ കമ്പി ആവശ്യമില്ലാത്തെ കോൺക്രീറ്റ് തൂണുകളാണ് നിർദേശിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.