'സഹകരണ സംഘത്തിൽ നിയമിച്ചത് ആനാവൂർ നാഗപ്പൻ ശിപാർശ ചെയ്ത മൂന്ന് പേരെ'; സ്ഥിരീകരിച്ച് മർക്കന്റയിൻ പ്രസിഡന്റ്
|കത്ത് താന്‍ എഴുതിയാതെണെന്ന് ആനാവൂര്‍ നാഗപ്പൻ സ്ഥിരീകരിച്ചിരുന്നു
തിരുവനന്തപുരം: ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിൽ നിയമിച്ചത് ആനാവൂർ നാഗപ്പൻ ശിപാർശ ചെയ്ത മൂന്ന് പേരെ തന്നെയെന്ന് സ്ഥിരീകരിച്ച് മർക്കന്റയിൽ സഹകരണ സംഘം പ്രസിഡന്റ് വി. പാപ്പച്ചൻ. ജില്ലാ സെക്രട്ടി പറഞ്ഞവർ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് വി പാപ്പച്ചൻ മീഡിയവണിനോട് പറഞ്ഞു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ കത്ത് കണ്ടിട്ടില്ലെന്നും ഏജൻസി മുഖേനയാണ് നിയനമനമെന്നും പാപ്പച്ചൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിൽ നിയമനത്തിന് ശിപാർശ നൽകി സിപിഎം ജില്ലാ സെക്രട്ടറി എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് മർക്കന്റയിൻ പ്രസിഡന്റിന്റെ പ്രതികരണം. കത്ത് താൻ എഴുതിയാതെണെന്ന് സ്ഥിരീകരിച്ച ആനാവൂർ നാഗപ്പൻ വ്യാപാരി വ്യവസായി സമിതിക്കാണ് കത്ത് കൊടുത്തതെന്ന് വിശദീകരിച്ചു.
2021 ജൂലൈ ആറിനാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ ലെറ്റർപാഡിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത്. ജില്ലാ മർക്കെൻറയിൻ സഹകരണ സംഘം ഭാരവാഹിയും പാർട്ടി ഏരിയാ കമ്മറ്റി അംഗവുമായി ബാബുജാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മജ്ഞു വിഎസിനേയും കിരൺ ജെഎസിനേയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻ രാജ് ആർ എസിനേയും നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. അറ്റൻഡർ വിഭാഗത്തിലേക്ക് ഇപ്പോൾ നിയമനം നടത്തരുതെന്നും ആനാവൂർ നിർദേശിക്കുകയും ചെയ്തു. താൻ വ്യാപാരി വ്യവസായി സമിതി നേതാവിനാണ് കത്ത് നൽകിയതെന്നാണ് ആനവൂരിൻറെ വിശദീകരണം.
സഹകരണ രജിസ്ട്രാർ നിയോഗിച്ച ഏജൻസി മുഖേനെ മാത്രമേ നിയമനം പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇത് നിലനിൽക്കെയാണ് പാർട്ടി നിയമനത്തിന് ശിപാർശ നൽകിയത്. എന്നാൽ ഏജൻസി വഴി തന്നെയാണ് നിയമനമെന്നാണ് സംഘത്തിൻറെ വിശദീകരണം. ഈ കത്ത് കൂടി പുറത്ത് വന്നതോടെ പാർട്ടി നിയമനം പതിവാണെന്ന വാദം കൂടുതൽ ശക്തിപ്പെട്ടു.