ഐ.എൻ.എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘർഷം
|ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്
കാസർക്കോട് ജില്ലയിലെ ഐ.എൻ.എൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ സംഘർഷം. ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവർത്തകരെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടർന്നത്.
അഖിലേന്ത്യ ട്രഷറർ ഡോ.എ. അമീന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിനിടെയാണ് കാസിം ഇരിക്കൂർ-അബ്ദുല്‍ വഹാബ് പക്ഷക്കാർ തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന സമവായ നീക്കങ്ങൾക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അബ്ദുല്‍ വഹാബ് പക്ഷത്തിന്‍റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ആരംഭിച്ചത്. ഇരുവിഭാഗം പ്രവർത്തകരും നേതാക്കൾക്കുമുന്നിൽ ഉന്തും തള്ളുമായി. തുടർന്ന് വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗ സ്ഥലത്തു നിന്നും നീക്കി. പാർട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശനത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു. എന്നാൽ പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എതിർവിഭാഗത്തിന്‍റെ നിലപാട്. വഹാബ് പക്ഷം പിരിഞ്ഞുപോയ ശേഷം അംഗത്വ വിതരണ ചടങ്ങ് തുടർന്നു. അഖിലേന്ത്യ ട്രഷറർ ഡോ.എ. അമീൻ ഉദ്ഘാടനം ചെയ്തു.