നിയമസഭയിലെ സംഘർഷം: കെ.കെ. രമ എം.എൽ.എയുടെ പരാതി മ്യൂസിയം പൊലീസിന് കൈമാറി
|രമയുടെ കൈ ഒടിഞ്ഞതിനാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാന്‍ പരാതി പിടിച്ചു വച്ചിരിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ കെ.കെ. രമ എം.എൽ.എ നല്‍കിയ പരാതി ഡി.ജി.പി പൊലീസിന് കൈമാറി. മ്യൂസിയം പൊലീസിനാണ് പരാതി കൈമാറിയത്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ നടപടി. പരാതി തുടർ നടപടിക്കായി ഡി.ജി.പി കൈമാറിയിയിരുന്നില്ല. രമയുടെ കൈ ഒടിഞ്ഞതിനാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതി പിടിച്ചു വച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം.
സംഭവം നടന്നതിന്റെ അന്ന് വൈകിട്ട് തന്നെ കെ.കെ രമ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനമാണ് നടപടി വൈകാൻ കാരണമെന്ന വിശദീകരണമാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്.
അതേസമയം നടപടികൾ പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും 10 മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേർന്നത്. ചോദ്യോത്തര വേള റദ്ദാക്കുകയും ചെയ്തു. സഭ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിക്കാനൊരുങ്ങിയാണ് പ്രതിപക്ഷം സഭയിലെത്തിയത്.
എം.എൽ.എമാർക്ക് എതിരെ കള്ളക്കേസ് എടുത്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭാ മന്ദിരത്തിലെ സംഘർഷത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സി.ആർ മഹേഷാണ് നോട്ടീസ് നൽകിയത്. പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുന്നത്. ഇന്നലെ 18 മിനിട്ടും ഇന്ന് 10 മിനിട്ടും മാത്രമാണ് സഭ ചേർന്നത്.