Kerala
Conflict in NCP General body
Kerala

എൻസിപി ജനറൽബോഡിയിൽ നേതാക്കളുടെ വാക്ക്‌പോര്; തോമസ് കെ.തോമസ് എം.എൽ.എ ഇറങ്ങിപ്പോയി

Web Desk
|
30 Jun 2023 10:41 AM GMT

ആലപ്പുഴ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ഇറങ്ങിപ്പോരാൻ കാരണമെന്നാണ് എം.എൽ.എയുടെ പ്രതികരണം

കൊച്ചി: കൊച്ചിയിൽ നടന്ന എൻസിപി ജനറൽബോഡിയിൽ നേതാക്കൾ തമ്മിൽ വാക്ക്‌പോര്. തോമസ് കെ.തോമസ് എം.എൽ.എ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.

പി.സി ചാക്കോ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് തോമസ് കെ.തോമസ് എം.എൽ.എയുടെ പ്രധാന ആരോപണം. ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ തന്നോട് ആലോചിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങൾ ഇദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പി.സി ചാക്കോ വിഭാഗം രംഗത്തെത്തി. തോമസ് എം.എൽ.എയെയും അദ്ദേഹത്തിന്റെ ആരോപണങ്ങളെയും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇതോടു കൂടി എം.എൽ.എ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ആലപ്പുഴ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ഇറങ്ങിപ്പോരാൻ കാരണമെന്നാണ് തോമസ് കെ.തോമസ് എം.എൽ.എ സംഭവത്തോട് പ്രതികരിച്ചത്. "പി.സി ചാക്കോ ഇലക്ഷനെ പറ്റി പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നു. ഇത് തിരുത്തിയപ്പോൾ തന്റെ പ്രസംഗം ആലപ്പുഴയിലെ ചില പ്രവർത്തകരും പി.സി ചാക്കോയും തടസ്സപ്പെടുത്തി. പാർട്ടി വേദിയിൽ എം.എൽ.എയ്ക്ക് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എവിടെ പറയും? എം.എൽ.എ മിണ്ടാൻ പാടില്ല, മിണ്ടിക്കഴിഞ്ഞാൽ എന്തോ പ്രശ്‌നമാണ്. കുട്ടനാട് സീറ്റ് തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ശരത് പവാറിനെ വിളിച്ച് പരാതി അറിയിച്ചു കഴിഞ്ഞു". എം.എൽ.എ പറഞ്ഞു.

എൻസിപിയിൽ നേരത്തേ തന്നെയുള്ള ഗ്രൂപ്പ് പോരിന് ശമനമില്ലെന്നാണ് ഇന്നത്തെ നാടകീയ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പി.സി ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ.തോമസ് മുമ്പ് ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു.

Similar Posts