Kerala
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി: സിപിഎമ്മില്‍ ആശയക്കുഴപ്പം
Kerala

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി: സിപിഎമ്മില്‍ ആശയക്കുഴപ്പം

Web Desk
|
30 May 2021 7:38 AM GMT

വിധി നടപ്പാക്കുമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നു

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിയില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം. വിധി നടപ്പാക്കുമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നു. മുസ്‍ലിംകള്‍ക്ക് കൂടുതലായി അവസരം ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് എം എ ബേബി പറഞ്ഞു.

‌80-20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പിലാക്കുമെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട്. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകും. ആ സമീപനമേ സർക്കാരിന് സ്വീകരിക്കാനാകൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് സമുചിതമായ പരിഹാരം സര്‍ക്കാര്‍ കണ്ടെത്തുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഫേസ് ബുക്കില്‍ കുറിച്ചത്. സച്ചാര്‍ സമിതി റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുസ്‍ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പാലോളി കമ്മറ്റി ശുപാര്‍ശകള്‍ വെച്ചത്. അത് നടപ്പിലാക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടി നല്‍കുകയായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളര്‍ഷിപ്പുകള്‍ മുസ്‍ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നുവെന്ന പ്രചാരണം തെറ്റാണ്. കേരളത്തിലെ പിന്നാക്ക - മുന്നാക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകള്‍ ഉണ്ടെന്നും എം എ ബേബി പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പിന്‍റെ പേരിൽ സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് എം എ ബേബി അഭ്യര്‍ഥിച്ചു. ഹൈക്കോടതി വിധി പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം. മുന്നണിയിലെ ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിനും ഐഎന്‍എല്ലിനും ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണുള്ളത്.

Similar Posts