Kerala
Congress A group meetup at Aluva
Kerala

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; എ ഗ്രൂപ്പിന് അതൃപ്തി, ആലുവയിൽ രഹസ്യയോഗം

Web Desk
|
20 Nov 2023 9:14 AM GMT

നിലവിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിജോ ജോസഫുമായി സഹകരിക്കില്ല എന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്

കൊച്ചി: എറണാകുളത്ത് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് പിന്നാലെ ആലുവയിൽ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് വിജയിച്ചത് എ ഗ്രൂപ്പിലെ പി.എച്ച് അനൂപിനാണെന്നും നിലവിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിജോ ജോസഫുമായി സഹകരിക്കില്ല എന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്. ആലുവയിലെ യോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം..

8000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച അനൂപിനാണ് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യത എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. ക്രിമിനൽ കേസുണ്ടെന്ന് ചൂണ്ടക്കാട്ടിയാണ് അനൂപിന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചത്. എന്നാൽ അനൂപിനെ പോലെ തന്നെ സിജോയുടെ പേരിലും കേസുകളുണ്ടെന്നും അനൂപിന് സ്ഥാനം നിഷേധിച്ചാൽ സിജോയ്ക്കും നിഷേധിക്കണമെന്നും മൂന്നാം സ്ഥാനത്തെത്തിയ ആളെ അങ്ങനെയെങ്കിൽ പ്രസിഡന്റ് ആക്കണമെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു കൊണ്ടുള്ള നേരത്തേ ഡിസിസി പ്രസിഡന്റ് പുറത്തു വിട്ടിരുന്നു. ഈ ലിസ്റ്റിലും കടുത്ത അതൃപ്തിയാണ് എ ഗ്രൂപ്പിനുള്ളത്. ഈ അതൃപ്തിയും ജില്ലാ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളുടെ തീരുമാനം.

നവകേരള സദസ്സിന്റെ സംഘാടന സമിതി യോഗത്തിൽ പങ്കെടുത്തതിന് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ് അനിൽകുമാറിനോട് വിശദീകരണം തേടിയിരുന്നു. എ ഗ്രൂപ്പിന്റെ നേതാവാണ് അനിൽകുമാർ. നേതൃത്വത്തിന്റെ ഈ നടപടിയിലും എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇത്തരത്തിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുണ്ടായ പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് ആലുവയിൽ യോഗം ചേർന്നത്. ബെന്നി ബെഹനാൻ എംപിയായിരുന്നു യോഗത്തിന്റെ നേതൃത്വം. കെ.ബാബു, ജെയ്‌സൺ ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവരും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

യോഗം കോൺഗ്രസിനെ ശക്തിപ്പെടുത്താനാണെന്നായിരുന്നു ബെന്നി ബെഹനാൻ എം പിയുടെ പ്രതികരണം.

Similar Posts