കോഴിക്കോട് കരുതൽ തടങ്കലിലായിരുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ വിട്ടയച്ചു
|നടക്കാവ് പോലീസ് സ്റ്റേഷനിൽ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനൊടുവിലാണ് നടപടി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കോഴിക്കോട് കരുതൽ തടങ്കലിലെടുത്ത യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ വിട്ടയച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് നിഹാൽ ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹീൻ എന്നിവരെയാണ് വിട്ടയച്ചത്. നടക്കാവ് പോലീസ് സ്റ്റേഷനിൽ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനൊടുവിലാണ് നടപടി.
നേതാക്കളെ വിട്ടയച്ചതോടെ പ്രവീൺ കുമാർ പ്രതിഷേധം അവസാനിപ്പിച്ചു. കരുതൽ തടങ്കലില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പ്രവീൺ കുമാറിന്റെ ചോദ്യം ചെയ്തിരുന്നു. യാതൊരു കാരണവുമില്ലാതെ വഴിയിൽ നിന്ന രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും പ്രവീൺ പറഞ്ഞു.
തുടർന്ന് എസിപി ബിജുരാജുമായി നടത്തിയ ചർച്ചക്കൊടുവിൽ പ്രവർത്തകരെ വിട്ടയക്കുകയായിരുന്നു . കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.