വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണം: കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും യൂത്ത് ലീഗും
|കെ.കെ. ലതികയെ ചോദ്യം ചെയ്താൽ പോസ്റ്റ് തയാറാക്കിയ ആളെയും കണ്ടെത്താനാകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ.
കോഴിക്കോട്: വടകരയിലെ കാഫിർ പോസ്റ്റ് വിവാദം വീണ്ടും സി.പി.എമ്മിനെതിരെ തിരിച്ച് യു.ഡി.എഫ്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. കെ.കെ. ലതികയെ ചോദ്യം ചെയ്താൽ പോസ്റ്റ് തയാറാക്കിയ ആളെയും കണ്ടെത്താനാകുമെന്ന് പ്രവീൺകുമാർ പറഞ്ഞു. ലതിക അടക്കമുള്ളവരുടെ ഫെയ്സ്ബുക് പേജിൽ തന്‍റെ പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ട് ഇപ്പോഴുമുണ്ട്.സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരേയും ഗ്രൂപ്പ് അഡ്മിനേയും അറസ്റ്റ് ചെയ്യണമെന്നും ആരോപണം നേരിട്ട യൂത്ത് ലീഗ് തിരുവള്ളൂർ ശാഖാ സെക്രട്ടറി പികെ മുഹമ്മദ് കാസിം പറഞ്ഞു.
പൊലിസ് ഇനിയും നിഷ്ക്രിയമായാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന പൊലീസ് റിപോർട്ടിൽ ആശ്വാസമുണ്ടെന്ന് കാസിം പ്രതികരിച്ചു. എന്നാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തിയാൽ മാത്രമേ നീതി ലഭ്യമാകുവെന്നും കാസിം വിശദീകരിച്ചു.
കേസിൽ അന്വേഷണം തുടരുകയാണെന്നും, ഇടത് അനുകൂല ഫെസ്ബുക്ക് പേജുകൾ സംബന്ധിച്ച് വിവരങ്ങൾ എടുക്കുന്നുണ്ട് എന്നുമാണ് അന്വേഷണം സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.