കോട്ടയത്ത് കോൺഗ്രസ്- സിപിഎം സംഘർഷം; കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്ക് പരിക്ക്
|ഡിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിയുടെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെയും തലയ്ക്കാണ് പരിക്കേറ്റത്
കോട്ടയത്ത് കോൺഗ്രസ്- സിപിഎം സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിയുടെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെയും തലയ്ക്കാണ് പരിക്കേറ്റത്. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ കെ.കെ. റോഡ് ഉപരോധിക്കുകയാണ്.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. ഓഫീസ് തകർത്തതിനെ തുടർന്ന് കേരളത്തിലുടനീളവും ന്യൂഡൽഹിയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഡൽഹിയിൽ എസ്എഫ്ഐ ആസ്ഥാനത്തേക്ക് യൂത്ത്കോൺഗ്രസ് മാർച്ച് നടത്തി.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എംജി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ എംജി റോഡിൽ വൻ ഗതാഗത കുരുക്കുണ്ടായി. എസ്എഫ്ഐ മുദ്രാവാക്യം എഴുതിയ മതിലിൽ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. കൊല്ലം ചിന്നക്കടയിൽ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂരിൽ സ്വരാജ് റൗണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. മലപ്പുറത്ത് നഗരത്തിൽ പാലക്കാട്-മലപ്പുറം റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കൊച്ചി കോതമംഗലത്തും കോൺഗ്രസ് റോഡ് ഉപരോധിച്ചു. ആലുവയിൽ യൂത്ത് കോൺഗ്രസും എറണാകുളം എം ജി റോഡിൽ കെഎസ്യു പ്രവർത്തകരും പ്രതിഷേധം നടത്തി.
പാലക്കാട് നഗരത്തിൽ യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി. തൃശ്ശൂർ കോയമ്പത്തൂർ ദേശീയ പാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ദേശീയ പാത ഉപരോധിച്ചത്. ഷാഫി പറമ്പിൽ ഉൾപെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂർ പാത ഡോ പി സരിന്റെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.
കോഴിക്കോട് കമ്മീഷണർ ഓഫിസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ റോഡുപരോധിച്ചു. പ്രതിഷേധക്കാർ ടയർ കൂട്ടിയിട്ട് കത്തിച്ചു. പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധമുണ്ടായി.
തിരുവനന്തപുരം പാളയത്ത് പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. വീണാ എസ് നായർ, ലീന എന്നിവരെ അറസ്റ്റ് ചെയ്തു വിട്ടയച്ചത്. എകെജി സെന്ററിൽ കയറി പ്രതിഷേധിക്കാൻ ശ്രമിച്ച വനിതാ പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് സ്ഥാപിച്ച മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്ളക്സുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തു. പത്തനംതിട്ടയിലും യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു.
ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ഇന്ന് ഉച്ചക്ക് അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സമരമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.