സജി മഞ്ഞക്കടമ്പിലിന്‍റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി; അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ തീരുമാനം
|സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനാണെന്ന് ജോസ് കെ മാണി
കോട്ടയം: കോട്ടയത്തെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലിന്‍റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. സജിയുടെ രാജി ചർച്ച ചെയ്യാൻ കോട്ടയത്ത് ചേർന്ന യു.ഡി.എഫ് യോഗം ജില്ലാ ചെയർമാനായി ഇ.ജെ അഗസ്തിയെ തെരഞ്ഞെടുത്തു.സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനാണെന്ന് ജോസ് കെ മാണി പറഞ്ഞു.
മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി പ്രസിഡൻ്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൻ്റെ നടപടിയിൽ യു.ഡി.എഫിൽ അമർഷം പുകയുകയാണ്. തെരഞ്ഞെടുപ്പ് വേളയിൽ സജിയുടെ രാജി അണികളിൽ ആശയകുഴപ്പമുണ്ടാക്കുമെന്ന് കോൺഗ്രസ് വിലയിരുത്തി. അതൃപ്തി കേരളാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം, സജി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വന്നു.ജോസ് കെ മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത മഞ്ഞക്കടമ്പിൽ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും വ്യക്തമാക്കി.
സജിയുടെ രാജി വിഷയം പ്രചാരണത്തെ ബാധിക്കാതെ മുന്നോട്ടു കൊണ്ടു പോകണമെന്ന് തിരുവഞ്ചൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു. സജിക്ക് വേണ്ടി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും വ്യക്തമാക്കി.