സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു; കോൺഗ്രസ് അംഗത്വ വിതരണം നീട്ടി
|എഐസിസി അറിയിപ്പ് കിട്ടിയെന്നും കേരളത്തിലും കോൺഗ്രസ് മെമ്പർഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായും കെപിസിസി ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ വ്യക്തമാക്കി.
കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടിയെന്ന് എഐസിസി അറിയിച്ചു. വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. ഇന്ന് തീർക്കണമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്.
എഐസിസി അറിയിപ്പ് കിട്ടിയെന്നും കേരളത്തിലും കോൺഗ്രസ് മെമ്പർഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായും കെപിസിസി ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്ര ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇക്കാര്യം കെപി സി സി പ്രസിഡൻറ് കെ സുധാകരൻ എം പിയെ അറിയിച്ചതായും ടി യു രാധാകൃഷ്ണൻ വിവരിച്ചു.
അംഗത്വ വിതണം കാര്യക്ഷമമല്ലെന്ന പരാതി തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. എന്നാൽ ഈ മാസം 27 മുതൽ അംഗത്വ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. അംഗത്വ വിതണത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവിലത്തെ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ ആദ്യവാരം കോൺഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ് ചുമതലയേൽക്കേണ്ടതുണ്ട്.