സുധാകരന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും
|അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഉടൻ മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഇന്നും നാളെയും കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
അറസ്റ്റ് തികച്ചും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാരിനെ ഭരിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിനെതിരെ സിപിഎം പാർട്ടി സെക്രട്ടറി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് കോൺഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും നേതാക്കൾ പറഞ്ഞു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
അറസ്റ്റ് പ്രതിഷേധാർഹമാണ്. കേരളത്തിലെ കോൺഗ്രസിന്റെ കരുത്ത് ഇല്ലാതാക്കാനുള്ള സിപിഎം രാഷ്ട്രീയതന്ത്രമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
കേസിൽ ചോദ്യം ചെയ്യലിനായി സുധാകരൻ വെള്ളിയാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.