Kerala
രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെ സിപിഎം തള്ളിപ്പറഞ്ഞു; കോൺഗ്രസിന് ഇരട്ട നിലപാടെന്ന് മുഖ്യമന്ത്രി
Kerala

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെ സിപിഎം തള്ളിപ്പറഞ്ഞു; കോൺഗ്രസിന് ഇരട്ട നിലപാടെന്ന് മുഖ്യമന്ത്രി

Web Desk
|
27 Jun 2022 7:15 AM GMT

ബിജെപിയുടെ പാർലമെന്റ് അംഗത്തിന്റെ പരാതിയിലാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. സിപിഎം ദേശീയ നേതൃത്വം അതിനെ തള്ളിപ്പറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ.ഡി അന്വേഷണത്തിൽ കോൺഗ്രസിന് വാളയാറിന് അപ്പുറത്ത് ഒരു നിലപാടും ഇപ്പുറത്ത് മറ്റൊരു നിലപാടുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് സിപിഎമ്മിന്റെ പരാതിയിലാണോ എന്ന് അദ്ദേഹം ചോദിച്ചു. അതിൽ സിപിഎമ്മിന് ഒരു പങ്കുമില്ല. ബിജെപിയുടെ പാർലമെന്റ് അംഗത്തിന്റെ പരാതിയിലാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. സിപിഎം ദേശീയ നേതൃത്വം അതിനെ തള്ളിപ്പറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1983ൽ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞു, 1991ൽ പൊലീസെത്തി യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചു. ഒന്ന് സർക്കാറും ഒന്ന് കോൺഗ്രസുമാണ് നടത്തിയത്. സിപിഎം അതിനെ എങ്ങനെയാണ് നേരിട്ടതെന്ന് നിങ്ങൾക്കറിയാം. എന്നാൽ കോൺഗ്രസ് കലാപസമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനും കോൺഗ്രസിനും രണ്ട് സംസ്‌കാരമാണ്. എസ്എഫ്‌ഐക്കാർ വാഴയുമായി ഒരു ഓഫീസിലേക്ക് ചെന്നപ്പോൾ ഉടനെ തള്ളിപ്പറഞ്ഞു. ധീരജ് കൊല്ലപ്പെട്ടപ്പോ എല്ലാവരുടെയും മനസ്സിൽ നീറ്റലുണ്ടായി. ഇരന്നുവാങ്ങിയതല്ലേ എന്നാണ് കോൺഗ്രസിന്റെ ഉന്നത നേതൃത്വം അന്ന് ചോദിച്ചത്. വിമാനത്തിൽ വെച്ച് പ്രതിഷേധമുണ്ടായപ്പോൾ 'എന്റെ കുട്ടികൾ' എന്നു പറഞ്ഞ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കോൺഗ്രസ് നേതാക്കൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണന്നും മുഖ്യമന്ത്രി ആരോപിച്ചു.



Similar Posts