' പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത് , പ്രശാന്തന് ബിനാമി '; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്
|നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്
കണ്ണൂര്: കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. അനുമതിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റെതാണെന്നാണ് ആരോപണം .പരാതിക്കാരൻ പ്രശാന്തന് വെറും ബിനാമി മാത്രമാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. ദിവ്യ, പ്രശാന്ത് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പരാതി നൽകി.
ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചുള്ള കണ്ണൂർ കോപ്പറേഷൻ പരിധിയിലെയും മലയാലപ്പുഴ പഞ്ചായത്തിലും ഹർത്താൽ തുടരുകയാണ്. നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും. ഇന്ന് ജന്മനാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10 മണിക്ക് കലക്ട്രേറ്റിൽ പൊതുദർശനത്തിന് വെക്കും.