തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കണമെങ്കിൽ ആരെങ്കിലും മരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി: എ.എ റഹീം
|മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായിട്ടാണ് കോൺഗ്രസ് കാണുന്നത്, ഇത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് റഹീം
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് കിട്ടിയ മരണാനന്തര ബഹുമതിയാണ് പുതുപ്പള്ളിയിലെ വിജയമെന്ന് എ.എ റഹീം എംപി. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായിട്ടാണ് കോൺഗ്രസ് കാണുന്നത്. ഇത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് റഹീം പറഞ്ഞു.
അപ്പാ അപ്പാ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന്. അതുപയോഗിച്ചാണ് ജയിച്ചത്. അതെങ്ങനെയാണ് ഒരു അത്ഭുതമായി പറയാനാവുക. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കണമെങ്കിൽ ആരെങ്കിലും മരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയെന്നും എ.എ റഹീം മീഡിയവണിനോട് പറഞ്ഞു.
അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.ഇതിനായി കെ.പി.സി.സി നേതൃയോഗം ചൊവ്വാഴ്ച ചേരും. മണ്ഡലം പുനഃസംഘടനയും ചർച്ചയാകും.
പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് നീക്കം . സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ച് വരുത്തി ആവശ്യമായ നിർദേശം ഹൈക്കമാൻഡ് നേരത്തെ നൽകിയിരുന്നു. പിന്നാലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കാനായില്ല.
പുതിയ രാഷ്ട്രീയ സാഹചര്യത്തെ പരാമവധി എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് ചൊവാഴ്ച ചേരുന്ന കെ.പി.സി.സി നേതൃയോഗം ചർച്ച ചെയ്യും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങളിലേക്ക് ഇറങ്ങുന്ന കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകും. ഡി.സി.സി പ്രസിഡൻ്റുമാരും യോഗത്തിൽ പങ്കെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും. ഇഴഞ്ഞ് നീങ്ങുന്ന മണ്ഡലം പുനസംഘടന വേഗത്തിൽ പൂർത്തിയാക്കാനുള്ള തീരുമാനവും ഉണ്ടാവും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം കിട്ടിയത് നേതൃത്വത്തിനും കരുത്താവും. പാർട്ടിയിലെ പല പ്രശ്നങ്ങളും തൽക്കാലത്തേക്ക് തലപൊക്കില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം .