ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്; കെ.സുധാകരനും വി.ഡി.സതീശനും ഡൽഹിക്ക്
|ബി.ജെ.പി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും പ്രഖ്യാപനം വൈകിക്കൂടാ എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കൾ.
ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ അവസാനവട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് ഡൽഹിക്ക്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. നാളെയോ മറ്റന്നാളോ സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകും.
യു.എസിൽ നിന്ന് തിരിച്ചെത്തിയ രാഹുൽ ഗാന്ധി വയനാട് സീറ്റിലുള്ള തന്റെ നിലപാട് അറിയിച്ചെന്നാണ് സൂചന. കണ്ണൂരിൽ താൻ മത്സരിക്കുന്നില്ലെന്ന് കെ സുധാകരൻ സ്ക്രീനിംഗ് കമ്മിറ്റിയെയും അറിയിച്ചുകഴിഞ്ഞു. എന്നാൽ മത്സരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശമെങ്കിൽ അതംഗീകരിക്കാമെന്നും പക്ഷേ, കെ.പി.സി.സി അധ്യക്ഷസ്ഥാനം മറ്റാർക്കും കൈമാറാൻ കഴിയില്ലെന്നുമാണ് സുധാകരൻ അറിയിച്ചത്. ഇക്കാര്യം ഹൈക്കമാൻഡ് പരിശോധിക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മത്സരിക്കാൻ തീരുമാനമായാൽ ആലപ്പുഴയിൽ സാമുദായിക പ്രാതിനിധ്യമനുസരിച്ച് ഒരു മുസ്ലീം സ്ഥാനാർഥി വരണം. എന്നാൽ രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട്ടിൽ ഒരു മുസ്ലീം സ്ഥാനാർഥിയും കണ്ണൂരിൽ ഈഴവ സ്ഥാനാർഥിയും വരും. ആലപ്പുഴയിലാവട്ടെ, ഇതര സമുദായ സ്ഥാനാർഥിയും. ഇതിനിടയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കെ.സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരണമെന്നാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശമെന്നാണ് സൂചന.
ബി.ജെ.പി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയും പ്രഖ്യാപനം വൈകിക്കൂടാ എന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കൾ. പോസ്റ്ററുകളും ചുവരെഴുത്തുകളും തയ്യാറായിട്ട് കൂടി പരസ്യ പ്രചാരണം തുടങ്ങാൻ കഴിയാത്തതിൽ സിറ്റിംഗ് എം.പിമാർ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ നാളെയോ മറ്റന്നാളോ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ച് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.