കെ.വി തോമസിനെതിരായ നീക്കം; നടപടിക്രമങ്ങൾ പാലിച്ചായിരിക്കുമെന്ന് ഹൈക്കമാൻഡ്
|കെ.വി തോമസിനെതിരെ ഉടനടി നടപടിയില്ലെന്നാണ് വിവരം
കോൺഗ്രസ് അധ്യക്ഷയുടെ നിർദേശത്തിന് വിരുദ്ധമായി സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി തോമസിനെതിരായ നീക്കം നടപടിക്രമങ്ങൾ പാലിച്ചായിരിക്കുമെന്ന് പാർട്ടി ഹൈക്കമാൻഡ് അറിയിച്ചു. സംഭവത്തിൽ കെ.വി തോമസിനോട് ഹൈക്കമാൻഡ് വിശദീകരണം ചോദിക്കും. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ വിശദമായ കത്തിലൂടെ നടപടിക്ക് ശിപാർശ ചെയ്തിരുന്നെങ്കിലും ഉടനടി നടപടിയില്ലെന്നാണ് വിവരം.
സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. കെ. സുധാകരൻ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ഒരുവർഷമായി സിപിഎം നേതാക്കളുമായി കെ.വി.തോമസിന് സമ്പർക്കമുണ്ടെന്നും പാർട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്ന് കത്തിൽ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസ് പാർട്ടിക്ക് പുറത്താകും എന്നുറപ്പിച്ച് കെ സുധാകരന് രംഗത്തെത്തിയിരുന്നു. കെ.വി തോമസ് എ.ഐ.സി.സി അംഗമായതിനാല്‍ കെ.പി.സി.സിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ല. എ.ഐ.സി.സിയാണ് നടപടിയെടുക്കേണ്ടതെന്നും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ നല്കാന് കത്തിലൂടെ ആവശ്യപ്പെട്ടതായും കെ സുധാകരന് പറഞ്ഞു.തറവാടിത്തമില്ലാത്തതിന്റെ പ്രകടമായ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച നടപടിയെന്നും കെ സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ, മന്ത്രി, എം.പി, കേന്ദ്ര മന്ത്രി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടാണ് കെ.വി തോമസിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാകാതെ പോയതെന്നും സുധാകരന് ചോദിച്ചു. കെ.വി തോമസ് നേരത്തെ കച്ചവടം നടത്തി ധാരണയായതാണ്. അതിന്റെ പുറത്താണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം. അപ്പോള്‍ ഇല്ലാത്ത മഹത്വവും മാഹാത്മ്യവും വിധേയത്വവും വരും. അത് നട്ടെല്ലില്ലാത്ത വ്യക്തിത്വമില്ലാത്ത രാഷ്ട്രീയക്കാരുടെ ലക്ഷണമാണെന്ന് കെ സുധാകരന് ആരോപിച്ചു.
Congress High Command said procedures would be followed in Action against KV Thomas