കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി അന്തരിച്ചു
|കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി (54) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30നാണ് മരണം സംഭവിച്ചത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജോ. സെക്രട്ടറി, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചു. പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശ മുഖത്തെയാണ് സതീശന് പാച്ചേനിയുടെ നിര്യാണത്തോടെ നഷ്ടമാകുന്നത്.
അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ നേതാവായിരുന്നു പാച്ചേനി. തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന് എന്ന സതീശന് പാച്ചേനിയുടെ ജനനം. കെ.എസ്.യുവിലൂടെയായിരുന്നു കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം.
1979ല്‍ പരിയാരം ഗവ. ഹൈസ്ക്കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ച് അതിന്റെ പ്രസിഡൻറായാണ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. 1986ല്‍ കെ.എസ്.യു. കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വര്‍ഷം ജില്ല വൈസ് പ്രസിഡൻറുമായി. 1989-1993 കാലയളവില്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം. തുടർന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി. 1999ല്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡൻറായും നിയമിക്കപ്പെട്ടു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷക്കാലം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു. 2016 മുതൽ അഞ്ച് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു.
നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ക്കെതിരെ 1996ല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2001ലും 2006ലും നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തിറക്കിയത് സതീശനെയായിരുന്നു. 2009 ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഫലം എതിരായിരുന്നു. 2016, 2021 വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനോടും മത്സരിച്ച് പരാജയപ്പെട്ടു.
തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. മക്കൾ: ജവഹർ (ബിരുദ വിദ്യാർഥി), സോണിയ (പ്ലസ് ടു വിദ്യാർഥി). സുരേശന് (സെക്രട്ടറി, തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ എന്നിവരാണ് സഹോദരങ്ങള്‍.