വിമർശനത്തിനു പിന്നാലെ ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ
|തിരുവനന്തപുരത്തുണ്ടായിട്ടും വി.ഡി സതീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
തിരുവനന്തപുരം: വിമർശനത്തിനു പിന്നാലെ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിൽ നടന്ന ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ റിപ്പോർട്ടായി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവാണ് എന്നാൽ തിരുവനന്തപുരത്തുണ്ടായിട്ടും വി.ഡി സതീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. KPCC യോഗത്തിലെ വിമർശനം പുറത്തുവന്നതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ടെന്ന സൂചന നൽകുന്നതാണ് നീക്കം. സതീശന്റെ അസാന്നിധ്യത്തിൽ റിപ്പോർട്ട് അവതരണം ഉണ്ടായില്ല. ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ അറിയിച്ചത് ഡിസിസി പ്രസിഡന്റ് പാലോട് രവിയാണ്.
കഴിഞ്ഞ ദിവസമാണ് വി.ഡി സതീശനെതിരെ കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമർശനം. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നിരുന്നു.
'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്'- തുടങ്ങിയ വിമർശനങ്ങളും നേതാക്കൾ ഉന്നയിച്ചിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിമർശനങ്ങൾ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ തള്ളിയില്ല. സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്നും ജനാധിപത്യ പാർട്ടിയിൽ വിമർശനം ഉണ്ടാകുമെന്നും താനും വി.ഡി സതീശനും തമ്മിൽ പ്രശ്നങ്ങളില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
സതീശനെതിരായ വിമർശനത്തിൽ പ്രതികരണവുമായി കെ.മുരളീധരനും രംഗത്തെത്തി. പാർട്ടിക്ക് അകത്ത് പറയുന്നത് പുറത്ത് വരുന്നത് ഗൗരവമായി എടുക്കണമെന്നും ഇത്തരക്കാർക്ക് എതിരെ നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു.