കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
|രണ്ടു തവണ നിയമസഭാ സ്പീക്കറും മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ മുൻ ലെഫ്. ഗവർണറുമായിരുന്നു വക്കം പുരുഷോത്തമൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം.
വക്കം പുരുഷോത്തമന്റെ നിര്യാണത്തെത്തുടർന്ന് മൂന്നു ദിവസത്തെ ദുഃഖാചരണം കെ.പി.സി.സി പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല, പാലോട് രവി, പി ജെ കുര്യൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. ഇന്ന് രാത്രി മുഴുവൻ കുമാരപുരത്തെ വീട്ടിൽ പൊതുദർശനം. നാളെ രാവിലെ 9 മണി മുതൽ ഡി.സി.സി ഓഫിസിലും പിന്നീട് കെ.പി.സി.സി ഓഫീസിലും പൊതുദർശനം. ഉച്ചയോടെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ വക്കത്തെ വീട്ടുവളപ്പിൽ.
രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽനിന്നുള്ള ലോക്‌സഭാ അംഗവുമായി.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നാണ് ജനനം. നിയമത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം 1946ൽ സ്റ്റുഡന്‍റ്സ് കോൺഗ്രസ് വഴിയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1953ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായായിരുന്നു പൊതുരാഷ്ട്രീയ ജീവിതത്തിനു തുടക്കം. പിന്നീട് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1970ൽ ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നു ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ മന്ത്രിയുമായി. 1977, 1980, 1982, 2001 വർഷങ്ങളിലും ആറ്റിങ്ങലിൽനിന്നു തന്നെ തുടർച്ചയായി നിയമസഭാ അംഗമായി. പിന്നീട് 1980-81 കാലത്ത് ഇ.കെ നായനാർ സർക്കാരിൽ ആരോഗ്യ-ടൂറിസം മന്ത്രിയുമായി. 2004ൽ ഉമ്മൻചാണ്ടി സർക്കാരിൽ ധന-എക്‌സൈസ് മന്ത്രിയുമായിരുന്നു.
ഇതിനിടയിൽ 1982-84 കാലത്തും 2001 മുതൽ 2004 വരെയും കേരള നിയമസഭയിൽ സ്പീക്കറുടെ ചുമതലയും വഹിച്ചു. 1984 മുതൽ 1991 വരെ ആലപ്പുഴയിൽനിന്ന് ലോക്‌സഭാ അംഗമായി. 1993ലാണ് ആന്തമാൻ ആൻഡ് നിക്കോബാറിന്റെ ലെഫ്റ്റനന്റ് ഗവർണറായത്. 1996 വരെ ഈ പദവിയിൽ തുടർന്നു. 2011 മുതൽ 2014 വരെ മിസോറമിലും 2014ൽ ഒരു മാസം ത്രിപുരയിലും ഗവർണറായി.
Summary: Veteran Congress leader and the former Kerala speaker Vakkom Purushothaman dies