വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് നേതാക്കൾ
|രാജിവെച്ച വി.എം സുധീരന്റെ നടപടിയോട് കെ.പി.സി.സി അധ്യക്ഷന്‍ കടുത്ത അമർഷമുണ്ട്.
രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതൃത്വം സജീവമാക്കും. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ താമസിയാതെ സുധീരനെ നേരില്‍ കണ്ട് ചർച്ച നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കൂടി സംസ്ഥാനത്ത് എത്തിയതോടെ പുനസംഘടനാ ചർച്ചകള്‍ കൂടുതല്‍ സജീവമായി.
വി.എം സുധീരനുമായി നേരില്‍ കണ്ട് ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കിയിരുന്നു. സതീശന് ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഇതിനുള്ള നീക്കം ഉണ്ടാവും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്നും നാളെയും തിരുവനന്തപുരത്ത് ഉണ്ട്. അദ്ദേഹവും വി.എം സുധീരനുമായി ആശയവിനിമയം നടത്താനുള്ള സാധ്യത നിലനില്ക്കുന്നു. എന്നാല്‍ രാജിവെച്ച വി.എം സുധീരന്റെ നടപടിയോട് കെ.പി.സി.സി അധ്യക്ഷന്‍ കടുത്ത അമർഷമുണ്ട്.
രാജിവിവരം അറിയിക്കാനായി വിളിച്ചപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം സുധാരന് മുന്നോട്ട് വെച്ചെങ്കിലും സുധീരന് വഴങ്ങിയില്ല. സുധീരന് ഈ സമയത്ത് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് പൊതുവെ നേതാക്കള്‍ക്കുള്ളത്. തെറ്റായ സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ രാജി പിന്‍വലിക്കാനായി സുധീരന് മേല്‍ കടുത്ത സമ്മർദ്ദം ചെലുത്തും.
ഇതിന് പുറമേ കെ.പി.സി.സി,ഡി.സി.സികള്‍ എന്നിവയുടെ പുനസംഘടനാ ചര്‍ച്ചകളും ഇന്നും നാളെയുമായി നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ ഇത് സംബന്ധിച്ച് കേരള നേതാക്കളുമായി ആശയവിനിമയം നടത്തും. മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.