Kerala
മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം:വി.ഡി സതീശൻ
Kerala

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം:വി.ഡി സതീശൻ

Web Desk
|
31 Jan 2022 12:52 PM GMT

അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്

മീഡിയവൺ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്: രമേശ് ചെന്നിത്തല

മലയാളത്തിലെ പ്രമുഖ വാർത്താചാനലിലൊന്നായ മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയിൽ മാധ്യമങ്ങൾക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല.ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട് രണ്ടാം തവണയാണു മീഡിയ വണ്ണിനെതിരെ നടപടി എടുക്കുന്നത് .ആർ എസ് എസിന്റെയും ബിജെപിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിൻവലിക്കണമെന്നും സ്വതന്ത്രമായി വാർത്തകൾ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫാസിസ്റ്റ് നടപടി അംഗീകരിക്കാനാവില്ല:എം.എം ഹസൻ

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഫാസിസ്റ്റ് നടപടിയാണ് മീഡിയാവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്കെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ.രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന ഒരു നടപടിയും മീഡിയാവൺ ചാനലിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വിമർശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹസൻ പറഞ്ഞു.

Similar Posts