'വിളികളും ഉൾവിളികളുമൊക്കെയുണ്ടാകും,ലീഗ് നിലപാടിൽ ഉറച്ച് നിൽക്കും': സാദിഖലി തങ്ങൾ
|''അധികാരമല്ല, നിലപാടുകളാണ് മുന്നണിബന്ധത്തെ ശക്തിപ്പെടുത്തുന്നത്''
കോഴിക്കോട്: അധികാരമല്ല, നിലപാടുകളാണ് മുന്നണിബന്ധത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വിളികളും ഉൾവിളികളുമുണ്ടെങ്കിലും ലീഗ് നിലപാടിൽ ഉറച്ച് നിൽക്കും. കോൺഗ്രസും ലീഗുകാരും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഐക്യവും ശക്തിയും വിളിച്ചോതുന്നതായിരുന്നു കെ.പി.സി.സിയുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി. ഫലസ്തീൻ വിഷയത്തിൽ മോദി സർക്കാരിന്റെ നിലപാടുകളെ നിശിതമായി വിമർശിക്കുന്ന വേദിയായി കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി. സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും നേതാക്കള്‍ വിമർശിച്ചു. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് റാലി ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഗുജറാത്തിൽ നടന്നത് തന്നെയാണ് ഫലസ്തീനിൽ നടക്കുന്നതെന്ന് റാലിയിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു
സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിലെ നിരവധി പ്രമുഖർ റാലിയിൽ പങ്കെടുത്തു.ജിഫ്രി മുത്തുകോയ തങ്ങൾ, ഖലീൽ ബുഖരി തങ്ങൾ, ടി പി അബ്ദുള്ള കോയ മദനി, പി മുജീബ് റഹ്മാൻ തുടങ്ങി സാമുദായിക നേതാക്കളും റാലിയിൽ പങ്കെടുത്തു. കോഴിക്കോട് കടപ്പുറത്തെ റാലി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.