കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; ധീരജിന്റെ പേര് ചുമരിൽ കുറിച്ച് അക്രമികൾ
|അഞ്ചാംതവണയാണ് ഓഫീസിനു നേരെ ആക്രമണം നടക്കുന്നത്. അക്രമത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ് ആരോപിച്ചു.
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദർശനി മന്ദിരമാണ് തകർത്തത്. അഞ്ചാംതവണയാണ് ഓഫീസിനു നേരെ ആക്രമണം നടക്കുന്നത്. അക്രമത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ഫർണിച്ചറുകളും ഓഫീസ് ചില്ലുകളും പൂർണമായും അടിച്ചുതകർത്തു. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ കു ത്തേറ്റുമരിച്ച എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പേര് ചുമരിൽ പെയിന്റ് ഉപയോഗിച്ച് എഴുതിയിരുന്നു.
ചെറിയ രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും തളിപ്പറമ്പിലെ ഓഫീസ് അടിച്ചുതകർക്കുന്നത് പതിവാണെന്ന് പ്രവർത്തകർ പറയുന്നു. പലതവണ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. നിലവിൽ യാതൊരു രാഷ്ട്രീയ അക്രമസംഭവവും തളിപ്പറമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്ത് കാരണത്താലാണ് ഓഫീസ് അടിച്ചുതകർത്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.