Kerala
കോൺഗ്രസിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഈ മാസം 23ന്
Kerala

കോൺഗ്രസിന്‍റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഈ മാസം 23ന്

Web Desk
|
8 Nov 2023 3:38 PM GMT

റാലി കോഴിക്കോട് കടപ്പുറത്ത്

കോഴിക്കോട്: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഈ മാസം 23 ന് വൈകുന്നേരമാണ് റാലി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ റാലി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന്‍ ചെയര്‍മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് രൂപം നല്‍കി.

നിരപരാധികളായ ഫലസ്തീനികളെയാണ് അവരുടെ മണ്ണില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ഉജ്ജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളതെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേര്‍ന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി ഫലലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നും സുധാകരന്‍ വ്യക്തമാക്കി.

Related Tags :
Similar Posts