തൃക്കാക്കര നഗരസഭാ അവിശ്വാസപ്രമേയം: കോൺഗ്രസ് വിമതർ വിട്ടുനിൽക്കും
|ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ ബാബു എന്നിവർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെത്തുടർന്നാണ് അവിശ്വാസപ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാൻ വിമതർ തീരുമാനിച്ചത്
തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസപ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള വിപ്പ് സ്വീകരിച്ച് കോൺഗ്രസ് വിമത കൗൺസിലർമാർ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ ബാബു എന്നിവർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെത്തുടർന്നാണ് അവിശ്വാസപ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാൻ വിമതർ തീരുമാനിച്ചത്.
ഈ മാസം 26നകം ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പുനൽകിയതിനെ തുടർന്നാണ് വിമത കൗൺസിലർമാർ വഴങ്ങിയത്. വ്യാഴാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തിൽനിന്ന് ഇവർ വിട്ടുനിൽക്കും.
ഓണക്കോടിക്കൊപ്പമുള്ള പണക്കിഴി വിവാദത്തെ തുടർന്നാണ് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 23നാണ് അവിശ്വാസപ്രമേയത്തിനുമേൽ ചർച്ച നടക്കുക. ഇതിൽനിന്നു വിട്ടുനിൽക്കാൻ തങ്ങളുടെ 22 കൗൺസിലർമാർക്കും യുഡിഎഫ് വിപ്പ് നൽകിയിരുന്നു. ഇവരെല്ലാവരും വിട്ടുനിന്നാൽ ക്വാറം തികയാത്തതിനാൽ അവിശ്വാസം ചർച്ചയ്ക്കെടുക്കാനാകില്ല. എന്നാൽ, അഞ്ച് കോൺഗ്രസ് വിമതന്മാർ വിപ്പ് കൈപറ്റിയിരുന്നില്ല. ഇവരെ പാർട്ടി നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.