140 പഞ്ചായത്തുകളില്‍ വനിതകള്‍ നയിക്കും; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം പ്രഖ്യാപിച്ച് കെപിസിസി
|കാലോചിതമായ മാറ്റങ്ങൾ വരുത്താതെ അധികാരത്തിലേക്ക് തിരികെ എത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തന മാർഗരേഖക്ക് രൂപം നൽകിയിരിക്കുന്നത്.
കോൺഗ്രസിനെ സെമി കേഡർ സംവിധാനമാക്കാൻ ലക്ഷ്യമിട്ട് സംഘടനാപ്രവർത്തനത്തിന് പുതിയ മാർഗരേഖ. കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് വനിതകള്‍ കുറവാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 140 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെ നയിക്കുക വനിതകളായിരിക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചു. നേതാക്കള്‍ വ്യക്തിപരമായി ഫ്ലക്ല് ബോർഡുകള്‍ വെക്കുന്നത് ഒഴിവാക്കണമെന്നും പാർട്ടി വേദികളില്‍ തിക്കിത്തിരക്കാൻ പാടില്ലെന്നും മാര്‍ഗരേഖയിലുണ്ട്.
കാലോചിതമായ മാറ്റങ്ങൾ വരുത്താതെ അധികാരത്തിലേക്ക് തിരികെ എത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തന മാർഗരേഖക്ക് രൂപം നൽകിയിരിക്കുന്നത്. ആറുമാസം കൊണ്ട് പാർട്ടിയില്‍ അടിമുടി മാറ്റത്തിനാണ് ശ്രമം.
പാര്‍ട്ടിയില്‍ ഇനി ഇരട്ടപദവിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയില്‍ താഴേത്തട്ട് മുതല്‍ അച്ചടസമിതികള്‍ രൂപീകരിക്കും. തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതലങ്ങളില്‍ സമിതികൾ വരും. പാർട്ടിക്ക് മുഴുവന്‍ സമയ കേഡർമാരെ നിയമിക്കും. ഇവർക്ക് പ്രതിമാസം നിശ്ചിത തുക നല്‍കാനും തീരുമാനമുണ്ട്. നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
പ്രാദേശികാടിസ്ഥാനത്തില്‍ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും ജനങ്ങളിലേക്ക് പാർട്ടി പ്രവർത്തർ കൂടുതല്‍ ഇറങ്ങിച്ചെല്ലണമെന്നുമാണ് മറ്റൊരു നിർദേശം. ബൂത്ത് - മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനം ഓരോ ആറുമാസത്തിലും വിലയിരുത്തണമെന്നും ഡി.സി.സി അധ്യക്ഷൻ മാരുടെ ശിൽപ്പശാലയിൽ അവതരിപ്പിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.