Kerala
Wayanad, food kit
Kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

Web Desk
|
25 April 2024 3:05 AM GMT

'ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്'

വയനാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന വയനാട്ടിൽ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.'ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ ലോറിയിൽ കയറ്റിയ നിലയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്ക്കറ്റ്, റസ്ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നുമാണ് ആരോപണം. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബത്തേരിയില്‍ നിന്ന് കിറ്റുകൾ പിടിച്ച സംഭവത്തിൽ കടയുടമയുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ബിജെപി നേതൃത്വം തയാറായിട്ടില്ല.


Similar Posts