Kerala
സി.പി.എമ്മിൽ സ്ഥാനാർഥി തർക്കം; ആരെങ്കിലും റിപ്പോർട്ട് ചെയ്തോ..? മാധ്യമങ്ങളെ വിമർശിച്ച് വി.ഡി സതീശൻ
Kerala

സി.പി.എമ്മിൽ സ്ഥാനാർഥി തർക്കം; ആരെങ്കിലും റിപ്പോർട്ട് ചെയ്തോ..? മാധ്യമങ്ങളെ വിമർശിച്ച് വി.ഡി സതീശൻ

Web Desk
|
5 May 2022 8:04 AM GMT

എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും മാധ്യമങ്ങൾ രണ്ട് നീതിയാണ് കാണിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിൻറെ പരാമർശം

എറണാകുളം: എറണാകുളം സി.പി.എമ്മിലെ തർക്കം കാരണമാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും മാധ്യമങ്ങള്‍ രണ്ട് നീതിയാണ് കാണിക്കുന്നത്. എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ ചെന്ന് മാധ്യമങ്ങള്‍ വാർത്തയാക്കുന്നു. സി.പി.എമ്മിലെ തർക്കം ആരെങ്കിലും റിപ്പോർട്ട് ചെയ്തോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിലാണെങ്കില്‍ ഇപ്പോള്‍ എന്ത് ആഘോഷമായേനെ, യു.ഡി.എഫിനെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സ്ഥാനാർഥി നിർണയത്തില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമല്ലോ. സി.പി.എം സ്ഥാനാർഥി കാര്യത്തില്‍ സസ്പെന്‍സ് എന്നൊക്കെയാണ് വാർത്തകള്‍ വരുന്നത്. തോപ്പുംപടിയില്‍ നിന്നുള്ള പ്രസ്താവനകള്‍ക്ക് ഇനി പ്രതികരണം ചോദിച്ച് വരേണ്ട. ഒരാള്‍ എന്നും ഒരുകാര്യം പറഞ്ഞാല്‍ അത് എങ്ങനെ വാർത്തയാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

ഞങ്ങളെങ്ങാനും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഒരു മണിക്കൂർ വൈകിയിരുന്നെങ്കിൽ കോൺഗ്രസിൽ പൊട്ടിത്തെറി, കോൺഗ്രസിൽ കലാപം...എന്തൊക്കെ എഴുതുമായിരുന്നു. മുഖ്യമന്ത്രി പറയുന്നതുപോലെ ഈ കോലുമായിട്ട് നിങ്ങൾ കോൺഗ്രസുകാരുടെ പുറകെ നടക്കുകയാണെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

തൃക്കാക്കര മണ്ഡലത്തില്‍ വികസനവാദികളും വികസനവിരുദ്ധരും തമ്മിലാണ് പോരാട്ടം. ഗെയില്‍ പൈപ്പ് ലൈന്‍ ബോംബാണെന്ന് പ്രസംഗിച്ചയാള്‍ ഇന്ന് പിണറായി മന്ത്രിസഭയില്‍ അംഗമാണ്. ആറ് കൊല്ലം കൊണ്ട് മെട്രോ റെയില്‍ നീട്ടാന്‍ പിണറായി സർക്കാറിന് കഴിഞ്ഞോ? വികസനത്തിന്റെ പേരിലുള്ള വിനാശം വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാകാലത്തും പിന്തിരിപ്പന്‍ സമീപനം എടുത്തവരാണ് സി.പി.എം. തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതട്ടേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായെന്നും കോണ്‍ഗ്രസില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം എത്രയെന്ന് മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts