Kerala
പ്രഫുൽ ഖോഡാ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്
Kerala

പ്രഫുൽ ഖോഡാ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

Web Desk
|
26 Sep 2021 1:07 AM GMT

ആയിരത്തിലേറെ കരാർ തൊഴിലാളികളെ വിവിധ വകുപ്പുകളിൽ നിന്ന് പിരിച്ചുവിട്ടത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ‍ാ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. കൊച്ചിയിൽ ചേർന്ന ലക്ഷദ്വീപ് കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ഒരു ഇടവേളയ്ക്ക് ശേഷമാണ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോൺഗ്രസ് നീക്കം നടത്തുന്നത്. കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതടക്കമുള്ള പ്രശ്നങ്ങളുയർത്തിയാകും സത്യഗ്രഹ സമരങ്ങള്‍ സംഘടിപ്പിക്കുക. ആയിരത്തിലേറെ കരാർ തൊഴിലാളികളെ വിവിധ വകുപ്പുകളിൽ നിന്ന് പിരിച്ചുവിട്ടത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ഇതിനുപുറമേ ദ്വീപിൽ നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങൾക്കെതിരായ നിയമ പോരാട്ടം തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ദ്വീപ് സന്ദർശിക്കാൻ കോൺഗ്രസ് എം.പിമാരടക്കമുള്ള ജനപ്രതിനിധികൾക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടിക്ക് പ്രവേശനാനുമതി നൽകിയത് വിവേചനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്‍റെ നേതൃത്വത്തിലായിരുന്നു തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗം ചേർന്നത്.

Similar Posts