ഏകീകൃത സിവിൽകോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; ലീഗ് എംപി ഉയർത്തിയ വിമർശനം എന്തുകൊണ്ട് ചർച്ചയാവുന്നില്ല: എൻ.കെ അബ്ദുൽ അസീസ്
|സംഘപരിവാർ വിരുദ്ധ- മതേതര- പൊതു വിഷയങ്ങളിലെ ലീഗ് നിലപാടുകളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തെളിമയുണ്ട്.
കോഴിക്കോട്: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ മുസ്ലിംലീഗ് എം.പി പി.വി അബ്ദുൽ വഹാബ് കോൺഗ്രസിനെതിരെ ഉയർത്തിയ പ്രസക്തമായ രാഷ്ട്രീയ വിമർശനം എന്തുകൊണ്ടാണ് ചർച്ചയാകാതെ പോവുന്നതെന്ന് ഐ.എൻ.എൽ ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ്. എകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയിൽ അവതരിപ്പിക്കാൻ ബി.ജെ.പി അനുമതി തേടുമ്പോൾ, എതിർക്കാൻ ഒരു കോൺഗ്രസ് എം.പി പോലും സഭയിൽ ഉണ്ടായിരുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്നാണ് അബ്ദുൽ വഹാബ് എം.പി പറഞ്ഞത്.
സി.പി.ഐഎമ്മും ലീഗും മാത്രമാണ് ബില്ലിനെ എതിർത്തത്. പി.വി അബ്ദുൽ വഹാബ് എം.പി എകീകൃത സിവിൽ കോഡ് ബില്ലിനെ അതിനിശിതമായി വിമർശിച്ച് സംസാരിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് മുമ്പിൽ സന്ധി ചെയ്യുന്ന കോൺഗ്രസിന്റെ നിലപാടുകളുടെ തുടർച്ചയാണിതെന്നും എൻ.കെ അബ്ദുൽ അസീസ് ഫേസ്ബുക്കിൽ കുറിപ്പിൽ ആരോപിച്ചു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. സംഘപരിവാർ വിരുദ്ധ- മതേതര- പൊതു വിഷയങ്ങളിലെ ലീഗ് നിലപാടുകളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തെളിമയുണ്ട്. കോൺഗ്രസിന്റെ പാതിവെന്ത മൃദുഹിന്ദുത്വ നിലപാടുകളല്ല, മതേതര ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന അടിയുറച്ച രാഷ്ട്രീയ മുന്നേറ്റങ്ങളെയാണ് ലീഗ് പിന്തുടരേണ്ടത്. ലീഗിനകത്തെ ബിസിനസ് ലോബിയുടെ അധികാര താല്പര്യങ്ങളെക്കുറിച്ചല്ല, രാജ്യസഭയിൽ അബ്ദുൽ വഹാബ് എം.പി സ്വീകരിച്ച പക്വമായ നിലപാടുകളെ അർഥപൂർണമാക്കുന്നതിനെ കുറിച്ചാണ്.
മറിച്ച് രണ്ടാം തവണയും സംഭവിച്ച അധികാര നഷ്ടവും ഇനിയെന്നെങ്കിലും അത് തിരിച്ചു കിട്ടണമെങ്കിൽ കളം മാറണമെന്ന കച്ചവടക്കണ്ണുമാണ് പുതിയ നിലപാടിനുള്ള പ്രേരണയെങ്കിൽ അതിനോട് സൂക്ഷ്മത പുലർത്താൻ മാത്രമുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട്. കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ അനിവാര്യതകളെ ആർക്കും തടയാനാവില്ല. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയിളക്കാനുള്ള രാഷ്ട്രീയ പദ്ധതികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് ജനാധിപത്യ മതേതര രാഷ്ട്രീയ ശക്തികളുടെ ധാർമിക ഉത്തരവാദിത്തമാണെന്നും എൻ.കെ അബ്ദുൽ അസീസ് കുറിച്ചു.