മോന്‍സണ്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്
|ചില ചാനലുകള്‍ ചര്‍ച്ചകള്‍ സുധാകരനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് വിലയിരുത്തല്‍
പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് മോന്‍സണുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെയാണ് കോണ്‍ഗ്രസ് നടപടി. സുധാകരനു പുറമെ ലാലി വിന്‍സന്റ്, ഹൈബി ഈഡന്‍ എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചില ചാനലുകള്‍ ചര്‍ച്ചകള്‍ സുധാകരനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം.
മോന്‍സണ്‍ മാവുങ്കലിന്റെ വസതിയില്‍ സുധാകരന്‍ സന്ദര്‍ശനം നടത്തുകയും ചര്‍മചികിത്സ നടത്തുകയും ചെയ്തതായാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. പത്തു ദിവസത്തോളമാണ് അദ്ദേഹം മോന്‍സണിന്‍റെ വീട്ടില്‍ കോസ്മെറ്റിക് ചികിത്സ നടത്തിയത്. ഇക്കാര്യം സുധാകരന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനപ്പുറം വഴിവിട്ട ബന്ധമൊന്നും മോന്‍സണുമായില്ലെന്നാണ് സുധാകരന്റെ വിശദീകരണം.
പണം ലഭ്യമാക്കാൻ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഫെമ പ്രകാരം തടഞ്ഞുവച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ് സുധാകരൻ മോൻസനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.