'കോൺഗ്രസുകാർ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ വായിച്ചിട്ടില്ല, എന്നിട്ടല്ലേ മാർക്‌സിന്റെ മൂലധനം'; പരിഹാസവുമായി എം.വി ഗോവിന്ദൻ
|'കുടുംബശ്രീ കെ റെയില്‍ വഴി അപ്പം കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ ചിലയാളുകൾക്ക് വല്ലാതെ പൊള്ളി'
പെരുമ്പാവൂർ: കടം വാങ്ങി മൂലധനനിക്ഷേപം നടത്താമെന്നതാണ് ബൂർഷ്വാ അർത്ഥശാസ്ത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് കോൺഗ്രസുകാർക്ക് അറിയില്ലെന്നും അവർ ഒന്നും വായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
'കെ റെയിൽ പറ്റില്ല എന്നാണ് കോൺഗ്രസും ബിജെപിയും വർഗീയ വാദികളും പരിസ്ഥിതി സ്‌നേഹികളും പറയുന്നത്. കടം വാങ്ങി തുലഞ്ഞു പോകും എന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോഴത് മിണ്ടുന്നില്ല. കേരളത്തിൽ അത് പ്രായോഗികമാകില്ല എന്നാണ് പിന്നീട് പറഞ്ഞത്. കടം വാങ്ങി മൂലധന നിക്ഷേപം നടത്തണമെന്നത് അർത്ഥശാസ്ത്ര മേഖലയിലെ ബൂർഷ്വാ ഐഡിയോളജിയാണ്. ആഡം സ്മിത്തിനെയും റിക്കാർഡോവിനെയും കെയിൻസിനെയും എല്ലാം പഠിച്ചവർക്കതറിയാം. മാർക്‌സിന്റെ മൂലധനമൊന്നും വായിക്കണമെന്ന് ഞാൻ കോൺഗ്രസുകാരോട് പറയുന്നില്ല. അവർ (നെഹ്‌റുവിന്റെ) ഇന്ത്യയെ കണ്ടെത്തൽ വായിച്ചിട്ടില്ല. എന്നിട്ടു വേണ്ടേ മാർക്‌സിന്റെ മൂലധനം വായിക്കാൻ. ഇങ്ങനെയുള്ള ഒരു പുസ്തകവും അവര് വായിക്കുന്നില്ല.' - അദ്ദേഹം പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് ജാഥയില്‍ നടത്തിയ പ്രസ്താവനയും അദ്ദേഹം വിശദീകരിച്ചു. 'കെ റെയിലിന് 0.5 ശതമാനത്തിന് നമുക്ക് കടം കിട്ടും. 20 മിനിറ്റ് ഇടവിട്ടാണ് വണ്ടി. കൊച്ചിയിൽനിന്ന് ഒന്ന്-ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം. ദിവസം പോയിട്ടു വരാം. കുടുംബശ്രീ അപ്പം കൊണ്ടുപോകുമെന്ന് ഞാൻ പറഞ്ഞപ്പോൾ ചിലയാളുകൾക്ക് വല്ലാതെ പൊള്ളി. ജഡ്ജി പോകുമെന്ന് പറഞ്ഞാൽ യാതൊരു പ്രയാസമില്ല. ഞാൻ ബോധപൂർവ്വമാണ് ജഡ്ജിയെയും വക്കീലിനെയും പ്രൊഫസറെയും പറയാത്തത്. കേരളത്തിൽ നിന്ന് ലോകമാർക്കറ്റിൽ കയറാൻ പ്രാപ്തിയുള്ള വിഭാഗമാണ് കുടുംബശ്രീ. അതിനെ ശക്തിപ്പെടുത്തുക തന്നെ വേണം.' - ഗോവിന്ദൻ പറഞ്ഞു.
ശ്രോതാക്കളിലെത്തുന്ന ആശയങ്ങൾക്ക് പ്രതിപ്രവർത്തന ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരാശയം മനുഷ്യ മസ്തിഷ്‌കത്തിലേക്ക് സംഘടിതമായ കണ്ണിചേർക്കപ്പെടുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എത്തിക്കഴിഞ്ഞാൽ ആശയം കേവലമായ ഒരാശയമല്ല. ആ ആശയം പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള ഭൗതിക ശക്തിയാണ്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.