Kerala
നാടിന്റെ മുന്നേറ്റത്തിന് കോൺഗ്രസുകാർ എ.വി ഗോപിനാഥിന്‍റെ മാർഗം സ്വീകരിക്കണം; പ്രശംസയുമായി മുഖ്യമന്ത്രി
Kerala

'നാടിന്റെ മുന്നേറ്റത്തിന് കോൺഗ്രസുകാർ എ.വി ഗോപിനാഥിന്‍റെ മാർഗം സ്വീകരിക്കണം'; പ്രശംസയുമായി മുഖ്യമന്ത്രി

Web Desk
|
22 May 2022 2:23 PM GMT

വികസനകാര്യത്തിൽ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് എ.വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു

പാലക്കാട്: മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.വി ഗോപിനാഥ് വികസനത്തിൽ കേരളത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞു. നാടിന്റെ മുന്നേറ്റത്തിനായി കോൺഗ്രസുകാർ ഗോപിനാഥിന്റെ മാർഗം സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാടിന്റെ വികസനം യു.ഡി.എഫ് മുടക്കുന്നുവെന്നും സർക്കാരിന്റെ യശസ് തകർക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിൽ നിലവിലുള്ള ട്രെയിനുകൾ വലിയ വേഗതയുള്ളതല്ല, ദശാബ്ദങ്ങളെടുത്താലും അവയെ വേഗത്തിലാക്കാൻ കഴിയില്ല. അതിനാല്‍ സെമിഹൈസ്പീഡ് റെയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനകാര്യത്തിൽ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് എ.വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഗോപിനാഥിന്റെ പ്രശംസ. ഇതിനുപിന്നാലെ, വികസനകാര്യത്തിൽ എ.വി ഗോപിനാഥിനെപ്പോലുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ഇനിയും കൂടുതൽ സഹകരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതും നല്ലതാണെന്ന് ഗോപിനാഥ് അടക്കമുള്ളവരെ സി.പി.എമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പുതിയ ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ.വി ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന് ഗോപിനാഥ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.സി.സി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തായിരുന്നു നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാൽ എ.വി തങ്കപ്പനെയാണ് ഡി.സി.സി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.

Similar Posts