മകനെ പോലെ കരുതി, സൂരജില്‍ നിന്നും ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ല; ഉത്രയുടെ പിതാവ്
|തന്‍റെ മകനെക്കാള്‍ സൂരജിനെ സ്നേഹിച്ചിരുന്നുവെന്നു ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു
മകളെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. സൂരജിൽ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. രണ്ടാമത്തെ കടിയേറ്റപ്പോഴാണ് ഞങ്ങള്‍ക്ക് സംശയമുണ്ടായത്. പക്ഷെ മകനും തുല്യം സ്നേഹിക്കുന്ന ആളല്ലേ കൂടെയുള്ളത്. ആ അനുഭവം ഉണ്ടാവുകയും ചെയ്തു. സ്റ്റേഷനില്‍ പോയപ്പോള്‍ അങ്ങനെയൊന്നും ഉണ്ടാവില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. തെളിവുകളൊന്നുമില്ലാതെ നമുക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റില്ലല്ലോ. എന്തെങ്കിലും സൂചന കിട്ടാന്‍ കാത്തിരുന്നു. പിന്നീട് ശക്തമായ സൂചനകള്‍ തന്നെ ലഭിച്ചു.
ക്രൈബ്രാഞ്ച് സംഘത്തിന് അന്വേഷണത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. ഹരിശങ്കര്‍ സാറിന്‍റെ നേതൃത്വത്തില്‍ ഒരേ മനസോടെ കുറ്റമറ്റ രീതിയില്‍ അന്വേഷിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്നും വിജയസേനന്‍ മീഡിയവണിനോട് പറഞ്ഞു.
ദിവസവും നടക്കാന്‍ പോകുന്ന ശീലം എനിക്കുണ്ട്. അന്നേ ദിവസം രാവിലെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അഞ്ചര മണി കഴിഞ്ഞു. അന്ന് സൂരജ് വീട്ടിലുണ്ടായിരുന്നു. സാധാരണ എട്ടു മണിക്കു എഴുന്നേല്‍ക്കാറുള്ള സൂരജ് അന്ന് നേരത്തെ എണീറ്റു. എന്താ കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഉറക്കം വന്നില്ലെന്ന് സൂരജ് മറുപടി പറഞ്ഞു. റൂം തുറന്നു കിടക്കുന്നതുകണ്ട് എന്‍റെ ഭാര്യ മുറിയിലേക്ക് ചെന്നപ്പോള്‍ ഉത്ര വല്ലാത്ത അവസ്ഥയില്‍ അവിടെ കിടക്കുന്നതുകണ്ടു. അവള്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ ഞാന്‍ അകത്തേക്ക് ഓടിച്ചെന്നു. അപ്പോള്‍ സൂരജ് പുറത്തേക്ക് പോവുകയാണ് ചെയ്തത്. പിന്നീട് മകളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. തന്‍റെ മകനെക്കാള്‍ സൂരജിനെ സ്നേഹിച്ചിരുന്നുവെന്നു ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു. ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ സംശയം ബലപ്പെട്ടുവെന്നും മണിമേഖല പറഞ്ഞു.