Kerala
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന: സ്വപ്നയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന: സ്വപ്നയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Web Desk
|
5 July 2022 1:40 AM GMT

സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ ഇന്ന് ഇ.ഡിയും ചോദ്യംചെയ്യുന്നുണ്ട്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസിൽ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ. അതേസമയം, ഗൂഢാലോചനാകേസിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും.

ഗൂഢാലോചനാകേസിൽ നേരത്തെ രണ്ടുതവണ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡിയുടെ ചോദ്യംചെയ്യൽ തുടരുന്നതിനാൽ ഹാജരായിരുന്നില്ല. ഇന്നു രാവിലെ ചോദ്യംചെയ്യലിന് എത്താനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഷാജ് കിരൺ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് നടന്നിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത തേടാനാണ് ഷാജിനെ വിളിപ്പിച്ചിരിക്കുന്നത്.

സ്വപ്നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന നടത്തിയതായി കേസെടുത്തിരിക്കുന്നത്. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് വിജു അബ്രഹാമാണ് ഹരജി പരിഗണിക്കുന്നത്.

സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നൽകിയെന്നാണ് കേസ്. കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിനെ കക്ഷിചേർക്കാൻ സ്വപ്ന ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

Summary: Swapna Suresh will be questioned by the crime branch special team today in Conspiracy against CM Pinarayi Vijayan

Similar Posts