Kerala
കിറ്റെക്‌സ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന; ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്
Kerala

'കിറ്റെക്‌സ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന'; ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്

Web Desk
|
9 July 2021 9:35 AM GMT

വ്യവസായ സംരംഭം തുടങ്ങാനുള്ള ചർച്ചകൾക്കായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് തെലങ്കാനയിലെത്തി

കിറ്റെക്‌സ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലേക്ക് വ്യവസായങ്ങൾ വരാതിരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. കിറ്റെക്‌സുമായി ചർച്ചകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വ്യവസായ സംരംഭം തുടങ്ങാനുള്ള ചർച്ചകൾക്കായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് തെലങ്കാനയിലെത്തി.

കിറ്റെക്‌സിനോട് ഒരു തരത്തിലുമുള്ള പ്രതികാരവും സർക്കാരിനില്ലെന്ന് പി രാജീവ് വ്യക്തമാക്കി. സ്ഥാപനത്തിൽ പരിശോധന നടത്തിയത് വ്യവസായ വകുപ്പല്ല. 2020 മാർച്ചിൽ അവരുമായി ചർച്ച നടത്തിയിരുന്നു. ചർച്ച തുടരാമെന്നും സർക്കാർ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള പ്രശ്‌നവുമുണ്ടായിട്ടില്ല. വിവാദത്തിന് പിന്നിൽ കേരളത്തിൽ വ്യവസായങ്ങൾ വരാതിരിക്കാനുള്ള ഗൂഢാലോചനയാണോയെന്ന് സംശയിക്കണം. എല്ലാ സംരംഭകരുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. കേരളം ആട്ടിപ്പായിച്ചുവെന്ന സാബു ജേക്കബിന്റെ ആരോപണം ദൗർഭാഗ്യകരമാണെന്നും അക്കാര്യം ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ലെന്ന് ആവർത്തിച്ച് സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെപ്പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.

എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്‍ക്കാന്‍ സാധിക്കും. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്നത് വലിയ സ്വപ്‌നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാന്‍ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാന്‍ പാടില്ല. ജീവന്‍ പണയംവച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം-സാബു ജേക്കബ് പറഞ്ഞു.

വ്യവസായസംരംഭം തുടങ്ങാനുള്ള ചർച്ചകൾക്കായി സാബു ജേക്കബും സംഘവും തെലങ്കാനയിലെത്തിയിട്ടുണ്ട്.

Similar Posts