സ്വപ്നക്കെതിരായ ഗൂഢാലോചന കേസ്: പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗം ഇന്ന്
|സ്വപ്നയേയും പി.സി.ജോർജിനെയും ചോദ്യം ചെയ്യുന്നതിൽ യോഗം തീരുമാനമെടുത്തേക്കും
തിരുവനന്തപുരം: സ്വപ്നക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് യോഗം. പ്രതികളായ സ്വപ്നയേയും പി.സി.ജോർജിനെയും ചോദ്യം ചെയ്യുന്നതിൽ യോഗം തീരുമാനമെടുത്തേക്കും. ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്ന് നാട്ടിലെത്തി പൊലീസിന് മുന്നിൽ ഹാജരാകുമെന്നും അന്വേഷണസംഘം കരുതുന്നു. രാവിലെ 11 ന് ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം.
സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും സംഘം പരിശോധിക്കും. കേസിന്റെ അന്വേഷണരീതി നിശ്ചയിക്കുന്ന നിർണായക യോഗമാണിന്ന്. കഴിഞ്ഞ ദിവസങ്ങളിലായി സർക്കാരിനെതിരായ ഗൂഢാലോചനയ്ക്ക് തെളിവായേക്കാവുന്ന ഒട്ടേറെ വിവരങ്ങൾ സംഘത്തിലെ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ നിന്ന് രഹസ്യമായി ശേഖരിച്ചിട്ടുണ്ട്. പി.സി.ജോർജും ക്രൈം നന്ദകുമാറും ചേർന്നുള്ള ഗൂഢാലോചനയാണ് സ്വപ്നയുടെ ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച സരിതയുടെ മൊഴി അനൗദ്യോഗികമായി ശേഖരിച്ചത് അതിന് ഉദാഹരണമാണ്. സരിതയുടെ മൊഴി ഏത് തരത്തിൽ ഉപയോഗിക്കണമെന്ന് ഇന്ന് നിശ്ചയിക്കും.
സ്വപ്നയേയും പി.സി.ജോർജിനെയും ചോദ്യം ചെയ്യാനുള്ള സമയമായോയെന്നും തീരുമാനിക്കും. അതിനിടെ പരാതി പിൻവലിപ്പിക്കാനായി സ്വപ്നയോട് സംസാരിച്ച ഷാജ് കിരണും ഇബ്രാഹിമും ഇന്ന് കേരളത്തിൽ തിരിച്ചെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. അവരെത്തിയാൽ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നടപടികൾക്കും ഇന്ന് തീരുമാനമായേക്കും.
അതേസമയം, ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകിയേക്കും. കെ.ടി ജലീലിന്റെ പരാതിയിൻമേലുള്ള കേസ് നിയമപരമായി നിലനിൽക്കില്ലന്നാണ് സ്വപ്നയുടെ വാദം. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ ചില കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കേസെടുത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാകും ഹരജി നൽകുക.