പി.എം ആർഷോ നൽകിയ ഗൂഢാലോചന കേസ്; മാധ്യമപ്രവർത്തകയെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി
|അഖിലാ നന്ദകുമാർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണസംഘം
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിലെ ഗൂഢാലോചനക്കേസിൽ മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. അഖിലാ നന്ദകുമാർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസിലെ അഞ്ചാംപ്രതിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടറായ അഖില നന്ദകുമാർ.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളേജ് പ്രിൻസിപ്പിൽ, കെ എസ് യു നേതാക്കൾ എന്നിവർക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
പി.എം ആർഷോയ്‌ക്കെതിരെ കെ.എസ്.യു നേതാവ് ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.