ഗൂഢാലോചനാ കേസ്: പൾസർ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
|കേസിൽ പൾസർ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടണ്ടോ എന്നും എന്തുകൊണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ഹൈകോടതിയിൽ ഇന്ന് കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു നീക്കം.
കേസിൽ പൾസർ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടണ്ടോ എന്നും എന്തുകൊണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും. പൾസർ സുനിയെ അടക്കം ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ദിലീപിനെ കാണാനെത്തിയപ്പോൾ, ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം പൊളിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
അതേ സമയം, ബാലചന്ദ്രകുമാർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്ത വരുത്തുന്നതിനാണ് ഇന്ന് മൊഴിയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് എസ്. പി മോഹനചന്ദ്രൻ വിശദീകരിച്ചു. കൂടുതൽ തെളിവുകൾ ഇന്ന് ഹാജരാക്കിയില്ലെന്നും എസ്.പി പറഞ്ഞു.